
കോഴിക്കോട് താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്. ഗുരുതരാവസ്ഥയിലുള്ള യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതി കഴിഞ്ഞ ദിവസമാണ് യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരമാസകലം പൊള്ളിച്ച് മുറിവേൽപ്പിച്ചത്.
ദിവസങ്ങളായി മുറിയിൽ അടച്ചിട്ടതായും ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും യുവതി പറയുന്നു. നേരത്തെയും സമാനമായ ആക്രമണം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പേരിലാണ് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. സംഭവത്തിൽ യുവാവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ഇന്നലെ രാത്രിയോടെയാണ് പ്രതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഷാഹിദ് റഹ്മാൻ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് നിഗമനം. പ്രതിയെ കോടതിയിൽ ഹാജരാക്കും.
യുവതിക്ക് എഴുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തിൽ വടികൊണ്ട് അടിയേറ്റതിന്റെ പാടുകളുണ്ട്. ഒരു വർഷം മുമ്പ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും ഇറങ്ങിപ്പോയതായിരുന്നു, കൊണ്ടോട്ടി സ്വദേശിയായ യുവതി. നാട്ടുകാരുടെ സഹായത്തോടെ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.


