
കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ആണവോര്‍ജ ബില്‍ ( ശാന്തി ബില്‍) ലോക്സഭ പാസ്സാക്കി. ശക്തമായ എതിര്‍പ്പിനൊടുവില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കിനിടെയാണ് ബില്‍ പാസ്സാക്കിയത്. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട് ബില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.
രാജ്യത്തെ ആണവ മേഖല സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് 100 ശതമാനവും തുറന്നുകൊടുക്കുന്ന ആണവോര്‍ജ ബില്‍ ആറു മണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലാണ് പാസാക്കിയത്. ബില്ലില്‍ ആണവ ദുരന്തങ്ങളുടെ ബാധ്യതയില്‍ നിന്ന് വിതരണക്കാരെ പൂര്‍ണമായും ഒഴിവാക്കുകയും പരമാവധി നഷ്ടപരിഹാരം 410 മില്യന്‍ യു എസ് ഡോളറില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.
പരമാവധി നഷ്ടപരിഹാരം 300 മില്യന്‍ എസ്.ഡി.ആര് (സ്പെഷല്‍ ഡ്രോയിങ് റൈറ്റ്) എന്നതിനു പകരം 500 മില്യന്‍ എസ്.ഡി.ആര് ആക്കണമെന്നത് അടക്കമുള്ള പ്രതിപക്ഷ ഭേദഗതികള്‍ ലോക്സഭയില്‍ ശബ്ദവോട്ടിനിട്ട് തള്ളി. എതിര്‍പ്പ് മാനിക്കാതെയാണ് ലോക്സഭയുടെ 27-ാമത്തെയും 28-ാമത്തെയും അജണ്ടകളായി ആണവ ബില്ലും തൊഴിലുറപ്പ് ബില്ലും പാസാക്കാനായി ഉള്‍പ്പെടുത്തിയതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.



