
തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിൽ ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രമായി കുറച്ചു. പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ രാവിലെ നീണ്ട നിരയാണുള്ളത്. കുറഞ്ഞത് 5 മണിക്കൂർ വരെ കാത്തു നിന്നാണ് ഭക്തർ പതിനെട്ടാംപടിയിൽ എത്തുന്നത്. ഇന്നലെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ശബരിമലയിൽ ഇന്നലെ ദർശനത്തിനെത്തിയത് 11, 7369 പേരാണ്. ഈ മണ്ഡല സീസണിലെ ഏറ്റവും വലിയ ഭക്തജനപ്രവാഹമാണ് ഇന്നലെയുണ്ടായത്. ദർശനത്തിന് ആറു മണിക്കൂർ വരെ ക്യൂ നീണ്ടു. ഇന്നലെ സ്പോട്ട് ബുക്കിങ് 11,866 ആയിരുന്നു. തിരക്ക് വർധിച്ചത് അനുസരിച്ചാണ് സ്പോട്ട് ബുക്കിങ്ങിൽ ക്രമീകരണം വരുത്തിയത്.
പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇന്നലെ സന്നിധാനത്ത് എത്തി ദർശനം നടത്തി. ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പൊലീസ് വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായുള്ള ക്രമീകരണങ്ങളും എല്ലായിടത്തുമുണ്ടെന്ന് ഡിജിപി പറഞ്ഞു.



