
അന്താരാഷ്ട്ര കോടതി വധശിക്ഷ പുറപ്പെടുവിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തു നല്‍കി. നയതന്ത്ര തലത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ രാജ്യം വിട്ടോടി ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഹസീനയെ വിട്ടു കിട്ടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരിന് കത്തു നല്‍കിയതായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേശകന്‍ തൗഹീദ് ഹുസൈന്‍ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര കോടതി ശിക്ഷിച്ച ഷെയ്ഖ് ഹസീനയെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്കയിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും പ്രക്ഷോഭങ്ങള്‍ ശക്തമായിരിക്കുകയാണ്.
കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. 2024ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് നവംബര്‍ 17-നാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിരുന്നു.
കേസിലെ മൂന്നാം പ്രതിയായ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍ മാമുന്‍ നേരിട്ട് വിചാരണ നേരിട്ടതിനാല്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5-ന് ‘ജൂലൈ പ്രക്ഷോഭം’ എന്നറിയപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധത്തിലാണ് 78 കാരിയായ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ നിലംപതിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ അരങ്ങേറിയ കലാപങ്ങളില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.



