
തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 14 ജില്ലകളിലായി 108580 സ്ഥാനാർത്ഥികളാണ് നാമ നിർദേശ പത്രികകൾ സമർപ്പിച്ചത്. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ശേഷിക്കുന്ന നാമ നിർദ്ദേശ പത്രികകൾ പിൻവലിക്കേണ്ടത് പിൻവലിച്ചു കഴിയുമ്പോൾ ആയിരിക്കും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കുക.
2020 ലെ തിരഞ്ഞെടുപ്പിൽ ആകെ 1,16,969 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. എന്നാൽ 74,835 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഡിസംബർ ഒൻപതിനും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഡിസംബർ 11-നുമാണ് തിരഞ്ഞെടുപ്പ്.
ഡിസംബർ 13-നാണ് വോട്ടെണ്ണൽ. തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുള്ള 21 വയസ്സു തികഞ്ഞവർക്ക് ആ തദ്ദേശ സ്ഥാപനത്തിലെ ഏതു വാർഡിലേക്കും പത്രിക സമർപ്പിക്കാം. നാമനിർദേശം ചെയ്യുന്നയാൾ ആ വാർഡിലെ വോട്ടറായിരിക്കണം.


