
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് ഷട്ട് ഡൗൺ ചെയ്തു. അടിയന്തര അറ്റകുറ്റപ്പണികൾക്കായാണ് ഡിസംബർ 10 വരെ നിലയം അടച്ചത്. നിലയം അടച്ചിടുന്നതോടെ 600 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെങ്കിലും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് സംസ്ഥാന വൈദ്യുതി ബോർഡ് പറയുന്നത്. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളുടെയും പ്രവർത്തനമാണ് ഡിസംബർ 10 വരെ ഒരു മാസത്തേക്ക് നിലയ്ക്കുന്നത്.
780 മെഗാവാട്ടാണ് മൂലമറ്റം പവർഹൗസിന്റെ പൂർണ്ണമായ ഉൽപ്പാദനശേഷി. നിലവിൽ പീക്ക് ടൈമിൽ 600 മെഗാവാട്ട് വൈദ്യുതി വീതമാണ് ഉത്പാദിപ്പിക്കുന്നത്. പെൻസ്റ്റോക്ക് ഇൻടേക്ക് വാൽവിന്റെ ലീക്ക് പരിഹരിക്കുന്നതിനായി വാൽവിന്റെ സീൽ മാറ്റിവയ്ക്കുന്നതിനായാണ് നിലയം പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തിരിക്കുന്നത്.
ജോലികൾക്കായി ടണലിലെ ജലം പൂർണ്ണമായും നീക്കം ചെയ്യണം. ഇതിനായി പവർഹൗസിലേക്ക് ജലം കടന്നു വരുന്ന ടണലിന്റെ ഗേറ്റ് കുളമാവിൽ അടച്ചു. പെൻസ്റ്റോക്കിലെ ജലം പൂർണ്ണമായി നീക്കം ചെയ്തിട്ട് വേണം അറ്റകുറ്റപ്പണികൾ ആരംഭിക്കേണ്ടത്. 50 ടൺ ഭാരം വരുന്ന രണ്ടു വാൽവുകൾ അഴിച്ചെടുക്കുന്നതിന് തന്നെ അഞ്ച് ദിവസത്തോളം സമയം വേണമെന്നാണ് കണക്കാക്കുന്നത്. ഈ വാൽവുകൾ ഉയർത്തി സർവീസ് ബേയിൽ എത്തിച്ചാണ് വാൽവിലെ സീൽ മാറ്റിവെക്കുന്നത്.
മൂലമറ്റം പവർഹൗസ് ഒരു മാസത്തോളം അടച്ചിടുമ്പോഴും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ല എന്ന ആത്മവിശ്വാസത്തിലാണ് വൈദ്യുതി ബോർഡ്. 2019 ലാണ് ഇതിനുമുമ്പ് പവർഹൗസ് പൂർണ്ണമായും അടച്ചിട്ടത്. അന്ന് 10 ദിവസം മാത്രമാണ് അടച്ചിട്ടതെങ്കിൽ ഇത് ഒരു മാസമാണ് ഷട്ട് ഡൗൺ. ഈ ഒരു മാസം അടച്ചിടുമ്പോഴും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ സംസ്ഥാന വൈദ്യുതി വകുപ്പ് വേണ്ടതെല്ലാം ചെയ്തിട്ടുണ്ട് എന്നുള്ളത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്.



