KeralaNews

ഗണഗീതം പാടിയാല്‍ എന്താണ് പ്രശ്‌നം?; ദേശഭക്തിയാണ് ഗാനത്തിന്റെ ആശയമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

ആര്‍എസ്എസ് ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്‌നമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കുട്ടികള്‍ ഗണഗീതം പാടിയതില്‍ തെറ്റില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ഹിന്ദു എന്ന വാക്കു പോലും പറയുന്നില്ല. മറ്റുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണ് ഈ വിവാദത്തിന് പിന്നിലെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സ്‌കൂള്‍ ഗാനമായി ഗണഗീതം കുട്ടികളെ പഠിപ്പിക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രശ്‌നം?. അമ്മയെ സ്തുതിക്കുന്നതില്‍ എവിടെയാണ് വര്‍ഗീയതയെന്ന് അറിയില്ല. അമ്മയോടുള്ള സ്‌നേഹം തളിരിട്ടത് ഒരിക്കലും കൊഴിഞ്ഞു വീഴില്ല എന്നു പറയുന്നു. ഇതിലെന്താണ് കുഴപ്പം. ‘ഒരു ഗണഗീതവും എനിക്കറിയില്ല, എനിക്കത് പാടാനും അറിയില്ല, ശാഖയില്‍ പോകുന്നയാളല്ല. കോണ്‍ഗ്രസിന്റെ നേതാവ് കര്‍ണാടകയിലെ ഉപമുഖ്യമന്ത്രി നിയമസഭയില്‍ തന്നെ ഗണഗീതം പാടി. കോണ്‍ഗ്രസ് ആദ്യം ശിവകുമാറിനെ തിരുത്തട്ടെ. അതുപോലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പല നേതാക്കന്മാര്‍ക്കും ഗണഗീതം കാണാതെ പാടാന്‍ അറിയാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

ഇവിടെ ഭാരതം ഉണരുന്നു എന്ന ഗണഗീതത്തിലെ വാചകമായിരിക്കും പുരോഗമനക്കാരുടെ പ്രശ്‌നം. ഒരു കാരണവശാലും അങ്ങനെ ഉണരാന്‍ പാടില്ല എന്നാണ് അവരുടെ ചിന്താഗതി. മോദി കുഴപ്പക്കാരനാണ്. ഇന്ത്യാരാജ്യം നശിക്കുകയാണ് എന്നെല്ലാമാണ് രാജകുമാര്‍ നാടുനീളെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഡെഡ് ഇക്കോണമിയാണെന്നാണ് പറയുന്നത്. ഭാരതം ഉണരുന്നു എന്നത് ഇന്ത്യാവിരുദ്ധമായ കാര്യങ്ങള്‍ വിദേശത്തു പോയി പറയുന്നവര്‍ക്ക് ഇഷ്ടപ്പെടില്ല. അവര്‍ ക്ഷണിക്കണം. അവരുടെ പുരോഗമന ചിന്താഗതിയെ അംഗീകരിക്കാതിരിക്കാന്‍ പറ്റില്ലല്ലോ എന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പരിഹസിച്ചു.

ഗണഗീതം പാടിയാല്‍ എന്താണ് കുഴപ്പം?. നല്ല സന്ദേശമാണിത്. ബിജെപിക്കാരുടെ സ്റ്റേജില്‍ പാടുന്ന പാട്ടല്ല. ആര്‍എസ്എസിന്റെ സംഘഗാനമാണിത്. ഇപ്പോള്‍ രാഷ്ട്രീയ വിഷയമായതിനാല്‍ ബിജെപിക്കാന്‍ എല്ലാ സ്‌റ്റേജിലും ഇതു പാടണമെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ഇന്ത്യയെ കുറ്റം പറയുന്നവര്‍ക്ക് ഇതു വലിയ കുറ്റമായിരിക്കും. ഹൃദ്രോഗിയെ നിലത്തു കിടത്തി ചികിത്സിക്കുന്ന , ആരോഗ്യരംഗത്ത് ഒന്നാമതെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇതൊക്കെ തെറ്റായിരിക്കുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പരിഹസിച്ചു.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ന്യായീകരിച്ചു. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പുണ്ണാക്കുമില്ല. വിമര്‍ശിക്കുന്നവരാണ് ആ കുട്ടികളുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്നത്. മറ്റു ചിന്തകള്‍ കുത്തിക്കയറ്റുന്നത്. അതു നിര്‍ത്തണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button