
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ ഉന്നതരുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി. എ .പത്മകുമാറിനെയും എൻ. വാസുവിനെയും വൈകാതെ ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
ശബരിമല സ്വർണക്കൊള്ള കേസിൽ ഉന്നതര കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതിൽ ദേവസ്വം ബോർഡ് അംഗങ്ങൾക്കും പങ്കുണ്ടെന്നാണ് ഉദ്യോഗരുടെ മൊഴി. ഈ സാഹചര്യത്തിലാണ് എൻ.വാസുവും എ. പത്മകുമാറും അടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. വാസുവിനെ പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥർ നൽകിയ രേഖകളിൽ ഒപ്പിടുക മാത്രമാണ് താൻ ചെയ്തിട്ടുള്ളൂവെന്നാണ് വാസുവിന്റെ മൊഴി. എന്നാൽ ഇത് പൂർണമായും അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. ദേവസ്വം ബോർഡിലെ രേഖകളടക്കം അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. ഇത് പൂർത്തിയായാൽ വാസുവിനെ വീണ്ടും വിളിച്ചു വരുത്തും. സ്വർണപ്പാളികൾ കൈമാറുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന പത്മകുമാറിനെയും ചോദ്യം ചെയ്യും.
ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്ത് വരികയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിനെയും വൈകാതെ കസ്റ്റഡിയിൽ വാങ്ങും. കട്ടിളപ്പാളി കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയും ഇന്ന് റാന്നി കോടതി പരിഗണിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.



