
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ സിപിഐ എതിർപ്പ് തള്ളി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന നിലപാടിലാണ് സർക്കാർ. നിലവിൽ എൽഡിഎഫിൽ കടുത്ത ഭിന്നത തുടരുകയാണ്. കരാർ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ.
അല്ലാത്ത പക്ഷം മന്ത്രിമാരെ പിൻവലിക്കുന്നത് അടക്കം അന്തിമ തീരുമാനം നാളെ ചേരുന്ന സിപിഐ എക്സിക്യൂട്ടീവ് കൈക്കൊള്ളുമെന്നാണ് വിവരം. ഒമാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങി എത്തുന്ന മുഖ്യമന്ത്രി ഇന്ന് സിപിഐ നേതൃത്വവുമായി അനുനയ ചർച്ച നടത്തും.
അതേസമയം, പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുകയാണ്. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകൾ ഇന്നലെ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.



