
പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു.മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ. ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. എം എൻ സ്മാരകത്തിൽ എത്തി ബിനോയ് വിശ്വത്തെ കാണാനാണ് തീരുമാനം.
അതേസമയം പി എം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും.
സംസ്ഥാന സർക്കാറിന്റെ നടപടിയിൽ എതിർപ്പ് അറിയിച്ച് സിപിഐ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കത്തു നൽകിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് നടപടി.
ഇന്ന് ചേരുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലും വിഷയം ചർച്ച ചെയ്യും. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞശേഷം തുടർ നടപടിയിലേക്ക് കടക്കാനാണ് സിപിഐ യുടെ തീരുമാനം.പുതിയ സെക്രട്ടേറിയറ്റ്, ദേശീയ കൗൺസിൽ അംഗങ്ങളുടെ ചുമതലകൾ, ബിഹാർ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും സിപിഐ നേതൃയോഗം ചർച്ച ചെയ്യും. പി.എം.ശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നത് വരെ സി.പി.ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും.സി.പി.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൻേറതാണ് തീരുമാനം.



