
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഗോവർദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും. നിര്‍ണായക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്ഐടി സംഘം പോറ്റിയുമായി ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംഭവുമായി ബന്ധപ്പെട്ട് മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.
ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ദ്ധന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം വിറ്റ കാര്യം ഗോവര്‍ദ്ധൻ സമ്മതിച്ചു. ബെല്ലാരിയിൽ കൊണ്ടുപോയി സ്വര്‍ണം വിറ്റതായി ഉണ്ണിക്കൃഷ്ണൻ പോറ്റിയും സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവര്‍ദ്ധനെ വിളിച്ചുവരുത്തുകയും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് എസ് പി ശശിധരൻ തന്നെ നേരിട്ട് മൊഴിയെടുക്കുകയും ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലര്‍ച്ചെ പോറ്റിയുമായി ബെല്ലാരിയിലേക്ക് അന്വേഷണ സംഘം തിരിച്ചിരിക്കുന്നത്. 476 ഗ്രാം സ്വര്‍ണത്തിന്‍റെ കുറവ് സംഭവിച്ചെന്നാണ് നിലവിൽ ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.



