KeralaNews

വള്ളസദ്യയില്‍ മന്ത്രിക്കൊപ്പം ബിജെപി നേതാക്കളും; തെറ്റു പറ്റിയെങ്കില്‍ തിരുത്തുമെന്ന് പള്ളിയോട സേവാ സംഘം

ആചാര ലംഘനം നടന്നുവെന്ന് ആക്ഷേപമുയര്‍ന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയില്‍ ദേവസ്വം മന്ത്രിക്കൊപ്പം ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി നേതാക്കളായ എം വി ഗോപകുമാര്‍, വി കൃഷ്ണകുമാര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ വിവാദത്തില്‍ ബിജെപി പ്രതികരിച്ചിട്ടില്ല. സദ്യ വിളമ്പിയത് തന്ത്രിയാണെന്ന് മന്ത്രി പറഞ്ഞത് തെറ്റാണെന്ന് തന്ത്രി പ്രതികരിച്ചു.

വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബദേവന്‍ ആരോപിച്ചു. മന്ത്രി അടക്കമുള്ള അതിഥികള്‍ക്ക് നേരത്തെ സദ്യ വിളമ്പിയത് തെറ്റാണെങ്കില്‍ അത് തിരുത്തും. മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ക്ക് ഈ വിധത്തില്‍ മുമ്പ് സദ്യ വിളമ്പിയിട്ടുണ്ട്. ഇപ്പോള്‍ ഇത് വിവാദമാക്കുന്നത് സദ്യ നടത്തിപ്പില്‍ നിന്നും പള്ളിയോട സേവാ സംഘത്തെ ഒഴിവാക്കാനുള്ള നീക്കമാണെന്നും, ഇതിനായി ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതു പ്രകാരമാണ് തന്ത്രി പരിഹാര നിര്‍ദേശം നല്‍കിയതെന്നാണ് മനസ്സിലാക്കുന്നത്. പള്ളിയോട സേവാ സംഘത്തിനല്ല, ദേവസ്വം ബോര്‍ഡിന് അടക്കമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പല തവണ പോകുകയും, തന്ത്രിയെ നിര്‍ബന്ധിച്ച് എഴുതിയതാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ നിന്നും ഇതിന്റെ ദുരുദ്ദേശം മനസ്സിലാക്കാമെന്നും സാംബദേവന്‍ പറയുന്നു.

തനിക്ക് ലഭിച്ച കത്തിന് മറുപടിയായിട്ടാണ് പരിഹാര കര്‍മ്മങ്ങള്‍ നിര്‍ദേശിച്ചതെന്ന് ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് അറിയിച്ചു. 17 ന് ഉപദേശക സമിതിയാണ് ഇല്ലത്തു വന്ന് ഇത്തരത്തില്‍ സംബന്ധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കത്തു നല്‍കിയത്. ഇതിനു മറുപടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആറന്മുള അസിസ്റ്റന്റ് കമ്മീഷണര്‍ കത്തു നല്‍കിയാലേ മറുപടി നല്‍കാനാകൂ എന്ന് വ്യക്തമാക്കിയതോടെ അവര്‍ മടങ്ങിപ്പോയി. തുടര്‍ന്ന് രണ്ടു മൂന്നു ദിവസത്തിനു ശേഷമാണ് അസിസ്റ്റന്റ് കമ്മീഷണറുടെ കത്തു ലഭിക്കുന്നത്.

തുടര്‍ന്ന് ക്ഷേത്രത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ആരാഞ്ഞ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കത്തു നല്‍കി. ഇതിന് ഇ മെയിലില്‍ നല്‍കിയ മറുപടിയിലാണ് അകത്തെ പൂജകള്‍ 12 മണിക്കാണ് പൂര്‍ത്തിയായതെന്നും, പുറത്ത് 10.30 നും 11 നും ഇടയ്ക്ക് സദ്യ ആരംഭിച്ചുവെന്നും, അകത്തു നിന്നും ആരും ദീപം കത്തിച്ചു കൊടുത്തിട്ടില്ലെന്നും, പുറത്ത് ദീപം കത്തിച്ചത് ആരാണെന്ന് അറിയില്ലെന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു പ്രായശ്ചിത്ത വിഷയമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പ്രായശ്ചിത്തം നിശ്ചയിച്ച് അറിയിച്ചതെന്നും തന്ത്രി വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button