KeralaNews

കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം; സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും , മൂന്നംഗ വിദഗ്ധ സമിതി നിയോ​ഗിച്ചു

കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് നൽകിയത്.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തെ തുടര്‍ന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
ഉത്തരേന്ത്യയിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൻറെ പശ്ചാത്തലത്തിലാണ് സംസ്ഥാനം പ്രത്യേക മാർഗ നിർദ്ദേശം പുറത്തിറക്കുന്നത്.

ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പ് ഉപയോഗിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ പരിശോധനകൾ ശക്തമാണ്. മഹാരാഷ്ട്രയിലും കർണാടകയിലും കൂടി മരുന്നിന്റെ ഉപയോഗം നിരോധിച്ചു. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നേരത്തെ മരുന്നിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്‌നവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യന്‍മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും.

സംസ്ഥാനത്ത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നു വരുന്നു. കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ കേരളത്തിന് പുറത്ത് പ്രശ്‌നം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പന സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് ഒറീസ, മധ്യപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ആ ബാച്ച് മരുന്നുകള്‍ വിതരണം ചെയ്തത്. രാജസ്ഥാനില്‍ മറ്റൊരു കമ്പനിയുടെ കഫ് സിറപ്പിലും പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബാച്ചുകളുടെ മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് കണ്ടെത്തിയത്. കേരളത്തില്‍ 8 വിതരണക്കാര്‍ വഴിയാണ് കോള്‍ഡ്രിഫ് മരുന്നിന്റെ വില്‍പ്പന നടത്തുന്നത്. ആയതിന്റെ വിതരണവും വില്‍പനയും നിര്‍ത്തിവയ്പ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button