
വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി ഇന്ന് ഇടക്കാല വിധി പറയും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിപ്പിക്കുക. ഹർജികൾ പരിഗണിച്ച കോടതി വഖഫിൽ തലസ്ഥിതി തുടരണമെന്ന് നിർദേശം നൽകിയിരുന്നു. നിയമത്തിലെ ഭരണഘടന സാധുത പരിശോധിച്ച ശേഷമായിരിക്കും അന്തിമ വിധി. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ വാദം.
ഉപയോഗത്തിലൂടെയോ അല്ലെങ്കിൽ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളിൽ തൽസ്ഥിതി തുടരുമോ എന്ന നിർണായക ചോദ്യത്തിനും സുപ്രീംകോടതി ഇന്ന് മറുപടി പറയും. രണ്ട് ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന വാദത്തിനെടുവിലാണ്, മെയ് 22 ന് നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല വിധിക്കായി മാറ്റിയത്.
വഖഫ് ഭേദഗതി നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വാദം. മതവിശ്വാസം പാലിക്കുന്നവര്‍ക്ക് മാത്രമേ വഖഫ് നല്‍കാനാവൂ എന്നത് നിയമാനുസൃതമാണ്. വഖഫ് തട്ടിപ്പ് ഒഴിവാക്കുന്നതിനായാണ് ഈ വ്യവസ്ഥയെന്നും കേന്ദ്രം കോടതിയില്‍ ഉന്നയിച്ചിരുന്നു. ശവസംസ്‌കാരത്തിനായി 200 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമി എങ്ങനെ തിരിച്ചെടുക്കാനാകുമെന്ന ചോദ്യമാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചത്.