
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചതായി എണ്ണ വിപണന കമ്പനികൾ അറിയിച്ചു. എന്നാൽ ഗാർഹികോപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയിൽ മാറ്റമൊന്നുമില്ല.
19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ആഗസ്ത് 31 ന് അർധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. എന്നാൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു.
ഇതോടെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില 1,580 രൂപയായി. ജൂലൈ ഒന്നിന് 58.50 രൂപയും, ആഗസ്തിൽ 33.50 രൂപയും കുറച്ചതിനു പിന്നാലെയാണ് വീണ്ടും വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കുറയ്ക്കുന്നത്. ജൂണിൽ 24 രൂപയും ഏപ്രിലിൽ 41 രൂപയും ഫെബ്രുവരിയിൽ 7 രൂപയും സിലണ്ടറിന് കുറച്ചിരുന്നു. എന്നാൽ മാർച്ചിൽ ഏകദേശം ആറ് രൂപയോളം വർധിപ്പിക്കുകയും ചെയ്തിരുന്നു.