
ഖത്തര്‍ കെഎംസിസി കവര്‍ച്ചക്കേസിൽ പ്രധാന പ്രതികളായ നാലുപേര്‍ക്കെതിരെ കൊയിലാണ്ടി പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ബോംബെ ഷാജി, റൊട്ടാന റസാഖ്, നിസാര്‍, ഹസ്സന്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് പുറത്തുവിട്ടത്. പ്രതികള്‍ രാജ്യം വിടാതിരിക്കാനും വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാനുമാണ് നടപടി.
നേരത്തെ കെഎംസിസി അടക്കമുള്ള എല്ലാ ലീഗ് പോഷക സംഘടനകളില്‍ നിന്നും റൊട്ടാന റസാഖിനെ പുറത്താക്കിയിരുന്നു. ഖത്തര്‍ കെഎംസിസി ഓഫീസിലെ ലോക്കറില്‍ നിന്ന് 31 ലക്ഷം റിയാല്‍ കവര്‍ന്നുവെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതി ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, സംഭവത്തില്‍ തനിക്ക് യാതൊരു അറിവും ഇല്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതം എന്നുമായിരുന്നു റസാഖിന്റെ പ്രതികരണം.
അതേസമയം, മോഷണത്തിന് പിന്നില്‍ സംഘടനയിലെ അംഗങ്ങള്‍ തന്നെയാണെന്ന് കേസില്‍ കീഴടങ്ങിയ പ്രതി പരപ്പില്‍ ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. റസാഖിനും മോഷണത്തില്‍ പങ്കുണ്ടെന്ന് ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. സംഭവം നടന്നത് ഖത്തറിലായതിനാല്‍ അന്വേഷണം ഖത്തറിലേക്കും വ്യാപിപ്പിക്കേണ്ടി വരുമെന്നാണ് പൊലീസ് പറയുന്നത്.



