
വടകര കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന് ഭാസ്കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍. ജില്ലാ ഫൊറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങളുള്ള ഫോണ്‍ റിസെറ്റ് ചെയ്തതായി കണ്ടെത്തിയത്. ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലില്‍ ജിതിന് ഭാസ്കര്‍ സമ്മതിച്ചു.
ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കും. ഫോണ്‍ തിരുവനന്തപുരത്തേക്ക് പരിശോധനയ്ക്കയക്കാന്‍ കോടതിയില്‍ എസ്ഐടി ഇന്ന് അപേക്ഷ നല്‍കും. ജിതിന് ഭാസ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ജിതിന് ഭാസ്കരന്റെ ജാമ്യ ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇന്ന് വൈകിട്ട് 5 വരെയാണ് പൊലീസ് കസ്റ്റഡി. വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യം തള്ളിയത്. പ്രതി സമര്‍പ്പിച്ച ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളുകയും, ഇദ്ദേഹത്തെ രണ്ട് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
ജിതിന് ആണ് സ്ക്രീന്‍ ഷോട്ട് നിര്‍മിച്ചത് എന്നതിന് തെളിവില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതി തെളിവുകള്‍ നശിപ്പിച്ചെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.



