
മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിലെത്തും. ചികിത്സാ പിഴവിന് ഇരയായ യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിദഗ്ധസംഘം പരിശോധന നടത്താന്‍ എത്തുന്നത്. ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
വയനാട് മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രേഖകള്‍ സംഘം പരിശോധിക്കും. ചികിത്സ പിഴവിന് ഇരയായ യുവതിയില്‍ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആകും തുടര്‍നടപടികള്‍ സ്വീകരിക്കുക.യുവതിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച പരിശോധനയും ഇന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ നടക്കും.ഇതിനായുള്ള ക്രമീകരണം ഒരുക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ 21 കാരിയാണ് മെഡിക്കല്‍ കോളേജിലെ സ്ത്രീരോഗവിഭാഗം ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. പ്രസവ ശേഷമാണ് യുവതിയുടെ വയറ്റില്‍ തുണി കുടുങ്ങിയത്. കഠിനമായ വയറുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും കാര്യമായ പരിശോധന നടത്തിയില്ലെന്നും വെള്ളം കുടിക്കാന്‍ മാത്രമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്നും യുവതി പറഞ്ഞിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഒ ആര്‍ കേളു പറഞ്ഞിരുന്നു. മന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.



