
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒൻപത് വർഷം തികയുന്ന പശ്ചാത്തലത്തിൽ, അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വുമൺ ഇൻ സിനിമ കളക്ടീവ് (WCC) വീണ്ടും ‘അവൾക്കൊപ്പം’ കാമ്പയിനുമായി രംഗത്ത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളിൽ മെഴുകുതിരി തെളിയിച്ച് ഐക്യദാർഢ്യ കൂട്ടായ്മകൾ സംഘടിപ്പിക്കും.
2017 ഫെബ്രുവരി 17-ന് കേരളത്തെ നടുക്കിയ സംഭവത്തിന് ഒൻപത് വർഷം പിന്നിടുമ്പോഴും ‘നീതി എത്രത്തോളം?’ എന്ന ചോദ്യം ഉയർത്തിയാണ് ഡബ്ല്യു.സി.സി കാമ്പയിൻ സജീവമാക്കുന്നത്. അനീതിക്കെതിരെ സധൈര്യം പോരാടുന്ന നടിയുടെ പോരാട്ടത്തിന് കരുത്തുപകരുകയാണ് ലക്ഷ്യം.
ഇരുട്ടിന്റെ മറ നീക്കി വെളിച്ചത്തിന്റെ തിരി തെളിക്കാൻ എല്ലാവരും ഈ കൂട്ടായ്മയിൽ പങ്കുചേരണമെന്ന് സംഘടന ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.



