KeralaNews

‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്നം’, സംശയാസ്പദമെന്ന് വി എസ് സുനിൽ കുമാർ

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്ന് മുൻ മന്ത്രി വി എസ് സുനിൽ കുമാർ. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്നം കാണിച്ചത് സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

മുൻ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണ തേജക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്ന ചീഫ് ഇലക്ഷൻ ഓഫീസറുടെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. അവസാന ഘട്ടത്തിലാണ് തൃശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്. വോട്ട് ചേർക്കുന്നതിലെ നിയമങ്ങൾ ലഘൂകരിച്ചത് അനർഹർ പോലും വോട്ട് ചേർക്കുന്നതിന് ഇടയാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇത്തരത്തിൽ വോട്ടുകൾ ചേർത്തത്. ആലത്തൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ വോട്ടർമാരെ തൃശൂരിൽ ചേർത്തു. ഇലക്ഷൻ കമ്മീഷന്റെ സൈറ്റ് ബ്ലോക്ക് ആയതിനാൽ പരിശോധിക്കാനാകുന്നില്ല. തൃശൂരിലെ വോട്ടർ പട്ടികയിലെ സംശയങ്ങൾ ദൂരീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു. പരാതി പറയുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു.

അതേസമയം, തൃശൂർ ലോക്സഭ മണ്ഡലത്തിലും അനധികൃത വോട്ടുകൾ ചേർത്തു എന്ന പരാതിയുമായി കോൺഗ്രസ് രംഗത്തെത്തി. സുരേഷ് ഗോപിയുടെ വീട്ടിലുള്ള 11 വോട്ടുകളാണ് തെരഞ്ഞെടുപ്പ് സമയത്ത് ചേർത്തത്. ഇപ്പോൾ ആ വീട്ടിൽ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല. തെരഞ്ഞെടുപ്പ് മാത്രം മുന്നിൽകണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നു എന്നും ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് ആരോപിച്ചു. തൃശൂരിലെ വോട്ടർ പട്ടികയിലെ ക്രമക്കേട് കോൺഗ്രസ് നേരത്തെ ചൂണ്ടിക്കാട്ടിയതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. പ്രാദേശിക തലത്തിൽ കൂടുതൽ പരിശോധന നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ മറുപടി നൽകണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പട്ടികയില്‍ വലിയ ക്രമക്കേടുണ്ടെന്ന് രാഹുല്‍ ഗാന്ധി തെളിവുകളോടെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്നും ഹരിയാന തെരഞ്ഞെടുപ്പോടെ അത് വ്യക്തമായതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചത്. തെളിവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button