
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി ബി ജി റാം ജി (വികസിത് ഭാരത് -ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍)) ബില്ലില്‍ പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ ഇന്നലെ ചര്‍ച്ച തുടങ്ങി. അര്‍ധരാത്രി വരെ ചര്‍ച്ച നീണ്ടിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 12നു ശേഷം ഗ്രാമീണവികസന മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ചര്‍ച്ചയ്ക്ക് മറുപടി നല്‍കും. തുടര്‍ന്ന് ബില്‍ വോട്ടിനിട്ടു പാസാക്കിയേക്കും. ബില്‍ ജെപിസിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്ന് മുഴുവന്‍ പ്രതിപക്ഷ കക്ഷികളും സ്പീക്കര്‍ ഓം ബിര്‍ല വിളിച്ച ലോക്‌സഭയുടെ കാര്യോപദേശക സമിതി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അതിന് തയാറല്ലെന്നും ഏതു നിലയ്ക്കും ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും എന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്ലിന്റെ പേര് പഴയതു പോലെ നിലനിര്‍ത്തുക, സംസ്ഥാനത്തിന് അധികസാമ്പത്തികബാധ്യത വരുന്ന വ്യവസ്ഥ ഒഴിവാക്കുക, തൊഴില്‍ ദിനങ്ങള്‍ 200 ആക്കി ഉയര്‍ത്തുക തുടങ്ങിയ ഭേദഗതികള്‍ പ്രതിപക്ഷ എംപിമാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.



