KeralaNews

നിയമസഭാ കവാടത്തിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്

പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ നിയമസഭാ കവാടത്തിനു മുന്നില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. എകെഎം അഷറഫ്, സനീഷ് കുമാര്‍ ജോസഫ് എന്നീ എംഎല്‍എമാരാണ് സമരം ഇരിക്കുന്നത്. കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

സമരം ചെയ്യുന്ന എംഎല്‍എമാരെ എല്ലാ പ്രധാനപ്പെട്ട നേതാക്കളും സന്ദര്‍ശിച്ചു. പിരിച്ചു വിടല്‍ ഉത്തരവ് ഇറങ്ങും വരെയും സമരം തുടരാനാണ് യുഡിഎഫ് തീരുമാനം. അതേസമം, ഇന്നലെ എ.കെ ആന്റണി നടത്തിയ വാര്‍ത്താസമ്മേളനം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പ്രധാന ചര്‍ച്ചയാവുകയാണ്. തന്റെ ഭരണകാലത്തെ പൊലീസ് അതിക്രമങ്ങളെ എ.കെ ആന്റണി സ്വയം പ്രതിരോധിക്കാന്‍ ഇറങ്ങിയത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിന് പിന്നാലെ നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രകടനത്തിന് മങ്ങലേറ്റു എന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.

ശിവഗിരി , മുത്തങ്ങ, മാറാട് . മൂന്നിടങ്ങളിലും പൊലീസ് നടത്തിയ അതിക്രമം എ.കെ ആന്റണി ഭരണകാലത്തെ കറുത്ത അധ്യായമാണ്. വര്‍ഷങ്ങളായി എതിര്‍ ചേരി ആന്റണി സര്‍ക്കാരിനെതിരെ ഇക്കാര്യമുയര്‍ത്തിയിട്ടും കോണ്‍ഗ്രസിന് ഇന്നുവരെ മതിയായ പ്രതിരോധം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവില്‍ കേരള രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുത്ത് 21 വര്‍ഷം കഴിഞ്ഞ് സ്വയം പ്രതിരോധത്തിന് ഇറങ്ങുമ്പോള്‍ ആന്റണിയുടെയുള്ളില്‍ നീരസം പ്രകടമാണ്. മൂന്നു വിഷയങ്ങളിലെയും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എ.കെ ആന്റണി ആവശ്യപ്പെട്ടതോടെ വീണ്ടും ഈ വിഷയം ചര്‍ച്ചയാകുമെന്ന് ഉറപ്പായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button