
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തട്ടിപ്പുകളും അഴിമതികളും പൊതുജനം തിരിച്ചറിയുന്ന ഘട്ടത്തിലാണെന്നും, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഉള്‍പ്പെടെ ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രത്യേക പ്രകടനപത്രികകള്‍ തയ്യാറാക്കുമെന്നും, സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മുന്നണി ഏകകണ്ഠമായി പ്രവര്‍ത്തിക്കുന്നതായും വേണുഗോപാല്‍ വ്യക്തമാക്കി. തര്‍ക്കമുള്ള ഇടങ്ങളിലെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുമെന്നും വര്‍ഗീയ കക്ഷികളുമായി യുഡിഎഫിന് ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും അദ്ദേഹം ഉറപ്പിച്ചു. സിപിഎമ്മിനും ബിജെപിക്കും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണവും വേണുഗോപാല്‍ ഉന്നയിച്ചു.
നിലവില്‍ സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്ത് എല്‍ഡിഎഫ് ഭരണമുള്ളപ്പോള്‍, കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളിലാണ് ഇടതുമുന്നണി അധികാരത്തിലുള്ളത്.
സംസ്ഥാനത്തെ 87 നഗരസഭകളില്‍ 44 എണ്ണം എല്‍ഡിഎഫിന്റെയും 41 എണ്ണം യുഡിഎഫിന്റെയും നിയന്ത്രണത്തിലാണ്. പാലക്കാട്, പന്തളം എന്നീ നഗരസഭകളിലാണ് ബിജെപി ഭരണം. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്താണ് എല്‍ഡിഎഫ് അധികാരത്തിലുള്ളത്, ശേഷിക്കുന്ന മൂന്ന് ജില്ലകളില്‍ യുഡിഎഫ് ഭരണം നിലനില്ക്കുന്നു.


