
ശബരിമലയിലെ സ്വർണ്ണപാളി വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരും. അജണ്ട നിശ്ചയിക്കാതെ ചേരുന്ന യോഗത്തിൽ സ്വർണ്ണപാളി, പീഠം ഉൾപ്പെടെയുള്ള വിവാദങ്ങളെ കുറിച്ചുള്ള സമഗ്ര അന്വേഷണം ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
1999 മുതൽ 2025 വരെയുള്ള മുഴുവൻ ഇടപാടുകളും ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നതാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുന്നതായിരിക്കും. പറ്റുമെങ്കിൽ പൊലീസിനും പരാതി നൽകുന്നത് ആലോചനയിലുണ്ട്. ഇക്കാര്യങ്ങളും ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും.
ഇതിനിടെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ അഭിമുഖം ഇന്നും നാളെയുമായി ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കും. അഭിമുഖത്തിനായി ശബരിമല തന്ത്രിയും ബോർഡ് ആസ്ഥാനത്ത് എത്തും. ശബരിമല മേൽശാന്തി അഭിമുഖത്തിന് 53 പേരും മാളികപ്പുറം മേൽശാന്തി അഭിമുഖത്തിന് 36 പേരുമാണ് യോഗ്യത നേടിയത്. മേൽനോട്ടത്തിനായി ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് ടി ആർ രാമചന്ദ്രൻ നായരെ ഹൈക്കോടതി നിരീക്ഷകനായി നിയമിച്ചിട്ടുണ്ട്.