ചാംപ്യൻസ് ട്രോഫിയിലെ നാണക്കേടിന്റെ റെക്കോർഡിൽ ഓസ്ട്രേലിയയ്ക്കും പിന്നിൽ പാകിസ്താൻ
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി പാകിസ്താൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയയ്ക്കൊപ്പമാണ് ഈ നാണക്കേട് പാകിസ്താൻ ടീം പങ്കുവെയ്ക്കുന്നത്. നിലവിലെ ചാംപ്യന്മാരായ ടീം ചാംപ്യൻസ് ട്രോഫിയുടെ അടുത്ത പതിപ്പിൽ ഒരു മത്സരം പോലും വിജയിക്കാതെ പുറത്തായെന്ന നാണക്കേടാണ് ഓസ്ട്രേലിയയ്ക്കൊപ്പം പാകിസ്താനും അനുഭവിക്കേണ്ടി വന്നത്. എന്നാൽ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ഓസ്ട്രേലിയയ്ക്കും പിന്നിലാണ് പാകിസ്താൻ.
2009ലെ ചാംപ്യന്മാരായ ഓസ്ട്രേലിയ 2013ൽ ഒരു മത്സരം പോലും വിജയിച്ചില്ല. ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും ഓസ്ട്രേലിയ പരാജയപ്പെട്ടു. ന്യൂസിലാൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2013ലെ ചാംപ്യൻസ് ട്രോഫിയിൽ ഒരു പോയിന്റ് മാത്രമാണ് ഓസീസിന് നേടാനായത്. -0.680 ആയിരുന്നു നെറ്റ് റൺറേറ്റ്.
2017ലെ ചാംപ്യന്മാരായ പാകിസ്താൻ 2025ൽ വിജയം കാണാതെ ടൂർണമെന്റിൽ നിന്ന് പുറത്തായി. ഇന്ത്യയോടും ന്യൂസിലാൻഡിനോടും പാക് പട പരാജയപ്പെട്ടു. ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ പാക് പടയ്ക്ക് ഒരു പോയിന്റ് നേടാനായി. നെറ്റ് റൺറേറ്റ് -1.087 മാത്രം.