‘അമേരിക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കണം’; പുതിയ എച്ച്-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ടെക്സസ് ഗവര്‍ണര്‍

സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍വ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ടെക്‌സസ് ഗവര്‍ണര്‍. അമേരിക്കക്കാര്‍ക്ക് ജോലിലഭ്യത ഉറപ്പുവരുത്താനും വിസ പദ്ധതിയിലെ ദുരുപയോഗവും കണക്കിലെടുത്താണ് പുതിയ എച്ച്-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ഗ്രേഗ് അബോട്ട് നിര്‍ദേശം നല്‍കിയത്. 2027 മേയ് 31 വരെ ടെക്സസില്‍ പുതിയ എച്ച്1 ബി വിസ അപേക്ഷകള്‍ക്കുള്ള നിയന്ത്രണം തുടരും.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തിയതിന് പിന്നാലയാണ് നിര്‍ദ്ദേശം. ടെക്‌സസ് സമ്പദ്വ്യവസ്ഥ ടെക്‌സസിലെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നത്. യോഗ്യരായ അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താതെ വിദേശ തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് നിയമിക്കാന്‍ ഈ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ഗ്രെഗ് അബോട്ട് ആരോപിക്കുന്നത്.
ചില സന്ദര്‍ഭങ്ങളില്‍ അമേരിക്കന്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി ജീവനക്കാരെ നിയമിക്കുന്നതായും ഗ്രെഗ് അബോട്ട് ചൂണ്ടിക്കാട്ടി. തീരുമാനത്തിന് പിന്നാലെ ഗവര്‍ണര്‍ നിയമിച്ച മേധാവികളുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ പൊതു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ ടെക്‌സസ് വര്‍ക്ക്‌ഫോഴ്‌സ് കമ്മീഷന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ എച്ച്-1ബി പുതിയ അപേക്ഷകള്‍ നല്‍കാന്‍ സാധിക്കില്ല. ഗവര്‍ണറുടെ നിര്‍ദ്ദേശം പാലിക്കേണ്ടതായ എല്ലാ ഏജന്‍സികളും സര്‍വ്വകലാശാലകളും 2026 മാര്‍ച്ച് 27-നകം 2025-ല്‍ സമര്‍പ്പിച്ച അപേക്ഷകള്‍, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴില്‍ തരം, വിദേശികളെ നിയമിക്കുന്നതിന് മുമ്പ് പ്രാദേശിക തൊഴിലാളികളെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവ വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.



