
സാങ്കേതിക സർവ്വവകലാശാലയിൽ നിർണായക ഫിനാൻസ് കമ്മിറ്റി യോഗം ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് സർവകലാശാല ആസ്ഥാനത്ത് വച്ചാണ് യോഗം. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് യോഗം അടിയന്തരമായി ചേരുന്നത്. ഫിനാൻസ് കമ്മിറ്റി ചേരാതെ ബജറ്റ് പാസാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ രണ്ട് മാസമായി ജീവനക്കാരുടെ ശമ്പളവും, പെൻഷനും മുടങ്ങിയിരുന്നു.
ബജറ്റ് ചർച്ചചെയ്യാൻ നേരത്തെ വിളിച്ച ഫിനാൻസ് കമ്മിറ്റിയും സിൻഡിക്കേറ്റ് യോഗവും ക്വാറം തികയാതെ പിരിഞ്ഞിരുന്നു. സർക്കാരിന്റെയും ധനകാര്യവകുപ്പിലെയും ഉന്നത വിദ്യഭ്യാസ വകുപ്പിലെയും പ്രതിനിധികൾ ഉൾപ്പെടെ പതിനാല് അംഗങ്ങളുള്ളതാണ് ഫിനാൻസ് കമ്മിറ്റി. ക്വാറം തികയണമെങ്കിൽ അഞ്ച് അംഗങ്ങളെങ്കിലും യോഗത്തിൽ പങ്കെടുത്തിരിക്കണം.
കോടതി നിർദേശം ഉള്ളതിനാൽ തന്നെ ഇടതു അംഗങ്ങൾ യോഗം ബഹിഷ്കരിക്കാൻ സാധ്യതയില്ല. നാളെ സിൻഡിക്കേറ്റ് ബജറ്റ് അംഗീകാരിച്ചാൽ ശമ്പളപ്രതിസന്ധിയ്ക്ക് പരിഹാരമാകും. ഓണാവധിക്ക് മുമ്പ് ശമ്പളവും പെൻഷനും കിട്ടുമെന്ന് പ്രതീക്ഷയിലാണ് ജീവനക്കാരും വിരമിച്ചവരും.