സാറെ, ഞാന്‍ 6 പേരെ കൊന്നു’: അഫാൻ പറഞ്ഞത് കേട്ടു പൊലീസും ഞെട്ടി
സ്വന്തം അമ്മയെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുക, അതു പരാജയപ്പെട്ടപ്പോൾ ചുറ്റിക വാങ്ങിച്ചു വന്നു തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിക്കുക… പെരുമല സ്വദേശി അഫാന്റെ കൊടുംക്രൂരതകളും കൂട്ടക്കൊലപാതകവും അറിഞ്ഞു ഞെട്ടിയിരിക്കുകയാണു കേരളം. അമ്മ കൊല്ലപ്പെട്ടെന്നു കരുതി അഫാൻ പോയതു പാങ്ങോട് ഒറ്റയ്ക്കു താമസിക്കുന്ന 88 വയസ്സുകാരിയായ അച്ഛമ്മയുടെ വീട്ടിലേക്കാണ്. കയ്യിലുള്ള ചുറ്റികകൊണ്ടു ഇവരെ തലയ്ക്കടിച്ചു കൊന്നു. പിന്നീടു കൂനൻവേങ്ങയിലെത്തി അച്ഛന്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തി.
സ്വന്തം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കണ്ട 13 വയസ്സുകാരനായ ഇളയ സഹോദരനെ തലയ്ക്കടിച്ചു കൊന്നു. പെൺസുഹൃത്ത് അനാഥമായി പോകുമോ എന്ന ഭയത്തിലാണ് അവരെ വീട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നത്.കൊലപാതകങ്ങൾക്കു ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീടും ഗെയ്റ്റും പൂട്ടി പ്രതി പൊലീസ് സ്റ്റേഷനില്‍ എത്തി. ‘സാറെ ഞാന്‍ 6 പേരെ കൊന്നു’ 23 കാരനായ അഫാന്റെ തുറന്നുപറച്ചൽകേട്ടു പൊലീസും ഞെട്ടി. പ്രതി പറഞ്ഞ വീടുകളിലേക്ക് പൊലീസ് വണ്ടികൾ പാഞ്ഞു. ഒന്നിനുപുറകെ ഒന്നായി 5 മൃതദേഹങ്ങൾ കണ്ടെടുത്തു. ആദ്യം അടിയേറ്റങ്കിലും അവസാനം വരെ മരണത്തോടു പൊരുതിനിന്ന അമ്മ ഷമീനയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിനു ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പ്രതി എലി വിഷം കഴിച്ച ശേഷമാണു പൊലീസ് സ്റ്റേഷനിലെത്തിയത്.