
ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി സംഘം ഇന്ന് സന്നിധാനത്ത് വിശദ പരിശോധന നടത്തും. ഇന്നലെ രാത്രിയോടെയാണ് എസ്ഐടി സംഘം സന്നിധാനത്ത് എത്തിയത്. ശ്രീകോവിലിൻ്റെ പഴയ വാതിൽപ്പാളികളാണ് പ്രധാനമായും പരിശോധിക്കുന്നത്. സ്ട്രോങ് റൂമിലുള്ള വാതിൽപ്പാളികൾ പുറത്തെടുത്ത് പരിശോധിക്കും. 1998 ൽ സ്വർണം പൊതിഞ്ഞ പാളികളാണ് ഇത്. കേട് പാട് പറഞ്ഞാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറായി പുതിയ പാളികൾ സ്ഥാപിച്ചത്.
കൊടിമരത്തിൻ്റെ പഞ്ചവർഗത്തറയിലും എസ്ഐടി പരിശോധന നടത്തും. ശ്രീകോവിൽ ഭിത്തിയിലെ അയ്യപ്പ ചരിതം കൊത്തിയ സ്വർണപ്പാളികൾ അടക്കം പരിശോധിക്കും. ശബരിമലയിൽ നിന്ന് കട്ടെടുത്ത സ്വർണത്തിൻ്റെ അളവ് കൂടിയേക്കും. നിലവിൽ ഉറപ്പിച്ചത് 585 ഗ്രാം അഥവാ 74 പവൻ സ്വർണത്തിൻ്റെ മോഷണമണ്. ഇതിൻ്റെ ഇരട്ടിയിലേറെ നഷ്ടപ്പെട്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സ്വർണപ്പാളികളുടെ താരതമ്യ പരിശോധനയിലാണ് ഇക്കാര്യ വ്യക്തമാകുന്നത്.
കട്ടിളപ്പാളിയിലെയും ദ്വാരപാലക ശിൽപ്പ പാളിയിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായെന്നാണ് ശാസ്ത്രീയ പരിശോധനയിലെ കണ്ടെത്തൽ. 1998ൽ പൊതിഞ്ഞ സ്വർണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വർണത്തിൽ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്.


