സുരേഷ് ഗോപിയെ കാണാനില്ല, തിരോധാനത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം; പൊലീസിൽ പരാതി

കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂര്‍ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തശേഷം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപിയെ മണ്ഡലത്തിൽ കാണാനില്ലെന്ന് പരാതിയിൽ പറയുന്നു. സുരേഷ്ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആരാണെന്നും, അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ഡൽഹിയിലേക്ക് അയച്ച നടനെ കാണാനില്ലെന്ന് അഭിപ്രായപ്പെട്ട്, സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയെ കാണാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു.