
തൈറോയ്ഡ് ഗ്രന്ഥി നീക്കംചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ്‌വയര്‍ എടുക്കുന്നതിനു സഹകരിക്കണമെന്ന ആവശ്യവുമായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ക്കു കത്തു നല്‍കും. കാര്‍ഡിയോ വാസ്‌കുലാര്‍, റേഡിയോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനമാണു തേടുന്നത്. ഇവരുടെ സൗകര്യം കൂടി നോക്കിയ ശേഷം അടുത്തയാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ കൈക്കൊള്ളും.
കാട്ടാക്കട കിള്ളി സ്വദേശിയായ എസ് സുമയ്യയുടെ (26) ശരീരത്തിലാണു ഗൈഡ്വയര്‍ ഉള്ളത്.ബുധനാഴ്ച ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം എക്‌സ്‌റേ, സിടി സ്‌കാന്‍ എന്നിവ പരിശോധിച്ചിരുന്നു. രണ്ടര വര്‍ഷം മുന്‍പു കുടുങ്ങിയ ഗൈഡ്വയര്‍ എടുക്കാനാകുമെന്നാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധരുടെ പ്രതീക്ഷ. ശ്രീചിത്രയിലെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഇതേക്കുറിച്ചു വിശദമായ ചര്‍ച്ച നടത്തും.
ഗൈഡ്വയര്‍ എടുക്കാമെന്നു ശ്രീചിത്രയിലെ ഡോക്ടര്‍മാര്‍ കൂടി അഭിപ്രായപ്പെട്ടാല്‍ വൈകാതെ സുമയ്യയെ സിടി സ്‌കാനിങ്ങിനു വിധേയയാക്കും. ആവശ്യമെങ്കില്‍ ആന്‍ജിയോഗ്രാമും ചെയ്യും. ഗൈഡ്‌വയര്‍ ഞരമ്പുകളില്‍ ഒട്ടിച്ചേര്‍ന്നിട്ടില്ലെങ്കില്‍ എടുക്കുന്നതിനു തടസ്സമില്ല. ചെറിയ രീതിയില്‍ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിലും പുറത്തെടുക്കാന്‍ സാധിക്കുമെന്നും മെഡിക്കല്‍ ബോര്‍ഡില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു.
2023 മാര്‍ച്ച് 22നു ശസ്ത്രക്രിയയ്ക്കു വിധേയയായ സുമയ്യയുടെ നെഞ്ചില്‍ ഗൈഡ്വയര്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഏപ്രിലിലാണു കണ്ടെത്തിയത്. ഉടന്‍ ശ്രീചിത്രയിലെ ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയപ്പോള്‍ പുറത്തെടുക്കുന്നതു വെല്ലുവിളിയാകുമെന്നായിരുന്നു മറുപടി. അതിനാലാണ് അവിടത്തെ സീനിയര്‍ ഡോക്ടര്‍മാരുടെ കൂടി അഭിപ്രായം തേടാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്.