NationalNews

രാജ്യങ്ങളുമായി ആശയവിനിമയത്തിന് പ്രത്യേക സമിതി, തരൂരിന് പ്രധാന പദവി നല്‍കിയേക്കും

പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. പാര്‍ട്ടി നേതൃത്വത്തിനൊപ്പം വാര്‍ത്താ സമ്മേളനം നടത്താനുള്ള നേതാക്കളുടെ താല്‍പ്പര്യത്തോടും ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി രൂപീകരിക്കാന്‍ ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വറും ശശി തരൂരിന്( പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുമുണ്ട്.

വിദേശ രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ എംപിമാരുടെ നേതൃത്വത്തിലുള്ള സ്ഥിരം സമിതി രൂപീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചന പുരോഗമിക്കുകയാണെന്നാണ് വിവരം. ശശി തരൂരിന് പ്രധാന റോള്‍ നല്‍കാനാണ് നീക്കം. രാജ്യസ്‌നേഹം ചൂണ്ടിക്കാട്ടി ആ ഓഫറും തരൂര്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളപ്പോള്‍ തള്ളാനും കൊള്ളാനുമാകാത്ത പ്രതിസന്ധിയിലാണ് ഹൈക്കമാന്‍ഡ്. പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടും ഓപ്പറേഷന്‍ സിന്ദൂരിന്റെ പ്രധാന മുഖമായി പ്രധാനമന്ത്രിയുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ വലിയ പരിഗണനയാണ് ശശി തരൂരിന് ലഭിച്ചത്. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രിക്ക് നതരൂര്‍ നന്ദി പറഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ തരൂരിന്റെ പ്രതികരണം എന്തായിരിക്കും എന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സമയത്താണ് അകറ്റി നിര്‍ത്താന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നത്.

സംഘത്തിലുണ്ടായിരുന്ന പാര്‍ട്ടി നോമിനി ആനന്ദ് ശര്‍മയെ മാത്രമാണ് ഹൈക്കമാന്‍ഡ് കണ്ട് പര്യടനത്തിന്റെ വിശദാംശങ്ങള്‍ തേടിയത്. ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി എന്നിവര്‍ക്ക് സമയം നല്‍കിയിട്ടില്ലെന്നാണ് വിവരം. പാര്‍ട്ടി നേതൃത്വവുമായി ചേര്‍ന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തിന് മടങ്ങിയെത്തിയ നേതാക്കള്‍ താല്‍പ്പര്യമറിയിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിനോട് നേതൃത്വം പ്രതികരിച്ചിട്ടില്ല. മറിച്ച് പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രതികരണങ്ങള്‍ നടത്തരുതെന്ന സന്ദേശം എഐസിസിസി ആസ്ഥാനത്ത് നിന്ന് നേതാക്കള്‍ക്ക് നല്‍കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button