‘രാഹുല്‍ പ്രതിയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല’; നിലവില്‍ സഭയില്‍ വരാന്‍ തടസ്സങ്ങളില്ലെന്ന് സ്പീക്കര്‍

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന റിപ്പോര്‍ട്ട് നാല് മണി വരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഭയില്‍ വരാൻ നിലവില്‍ രാഹുലിന് തടസ്സങ്ങള്‍ ഇല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അംഗങ്ങള്‍ക്ക് സഭയില്‍ വരാന്‍ ഒരു തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ വിവരങ്ങള്‍ സ്പീക്കറെ അറിയിക്കുമെന്ന റിപ്പോര്‍ട്ടായിരുന്നു ഉണ്ടായത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണക്കേസില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായ ആരോപണവും ഉയര്‍ന്നിരുന്നു.
രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. രാഹുലിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ ഷിന്റോ സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് കാണിച്ച് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് ഷിന്റോ പരാതി നല്‍കിയത്. ഗുരുതര വകുപ്പുകള്‍ ചുമത്തേണ്ട കുറ്റകൃത്യമാണ് രാഹുല്‍ നടത്തിയതെന്ന് ഷിന്റോ സെബാസ്റ്റ്യന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.