
മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാൻ കാരണമായതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ സോണിയ ഗാന്ധിയുടെ ബ്രോങ്കിയല്‍ ആസ്തമയ്ക്ക് നേരിയ വർധനവുണ്ടായതായി കണ്ടെത്തിയെന്ന് സർ ഗംഗാറാം ആശുപത്രി ചെയർമാൻ അജയ് സ്വരൂപ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യ സഭാംഗമാണ് 79കാരിയായ സോണിയാ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാർലമെന്ററി ചെയർപേഴ്സൺ സ്ഥാനവും സോണിയ നിർവഹിക്കുന്നുണ്ട്.
അഞ്ച് തവണ ലോക് സഭാ എംപിയായ ശേഷമാണ് സോണിയ ഗാന്ധി രാജ്യ സഭയിലേക്ക് എത്തിയത്. കഴിഞ്ഞ വർഷങ്ങളായി പൊതു പരിപാടികളിൽ സോണിയാ ഗാനിധിയുടെ പങ്കാളിത്തം കുറവാണ്. സ്ഥിരമായി ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതിനേ തുടർന്നാണ് ഇത്. കഴിഞ്ഞ വർഷം മാത്രം രണ്ട് തവണ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


