KeralaNews

സംസ്ഥാനം അതി ദാരിദ്ര്യമുക്തം; നാളെ പുതിയ കേരളം പിറക്കും, മുഖ്യമന്ത്രി പ്രഖ്യാപനം നടത്തും

അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം. കേരള പിറവി ദിനമായ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ സിനിമ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. രാജ്യത്തെ ആദ്യ അതി ദാരിദ്ര്യമുക്ത സംസ്ഥാനമായി മാറുകയാണ് കേരളം. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനമായിരുന്നു അതിദാരിദ്ര്യമുക്തി. ഇതിനായുള്ള സമഗ്ര പരിശോധനയിലൂടെ 64,006 കുടുംബങ്ങളിലായി 1,03,099 അതിദരിദ്ര വ്യക്തികളെ കണ്ടെത്തി. ആഹാരം പോലും കണ്ടെത്താന്‍ കഴിയാത്ത 20,648 അതിദരിദ്ര കുടുംബങ്ങളുണ്ടായിരുന്നു.

2022 ഏപ്രില്‍ ഒന്നു മുതല്‍ ഇവര്‍ക്ക് ഭക്ഷണവും ചികിത്സയും ഉറപ്പ് വരുത്തി. 4,677 പുതിയ വീട് പണിതത്തില്‍ 4005 ഉം പൂര്‍ത്തിയായി. 672 വീടുകളുടെ നിര്‍മാണം ഉടനെ പൂര്‍ത്തിയാകും. പണി തീരുന്നത് വരെ ഇവരെ സുരക്ഷിതമായി മറ്റൊരിടത്ത് താമസിപ്പിക്കും. പുനരുദ്ധാരണം ആവശ്യമായ 5,646 വീടുകളില്‍ 5,522 വീടുകളും പൂര്‍ത്തിയായി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. അങ്ങനെ അവസാനത്തെ അതിദരിദ്രനെയും മോചിപ്പിച്ച്, ജനങ്ങള്‍ക്കൊപ്പമാണ് എന്നും ഇടതു സര്‍ക്കാരെന്ന് വീണ്ടും തെളിയിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

അതേസമയം, സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളും നാളെ മുതല്‍ പ്രാബല്യത്തിലാകും. ജനസംഖ്യയിലെ പകുതിയിലധികം പേർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പദ്ധതികളാണിത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെ വരവേറ്റിരിക്കുകയാണ് കേരളം. അതേസമയം, പ്രതിപക്ഷം പ്രതിസന്ധിയിലാകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button