
ശബരിമല സ്വർണ്ണപ്പാളി കവർച്ച കേസിൽ സ്വർണ്ണം മറിച്ചുവിറ്റുവെന്ന ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ബെംഗളൂരു സ്വദേശി കൽപേഷ്, സ്പോൺസർ ആയ നാഗേഷ്, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെ പിടികൂടിയാൽ അന്വേഷണം അടുത്തഘട്ടത്തിലേക്ക് കടക്കും.
സ്വർണ്ണ കവർച്ചാ ഗൂഢാലോചനയിൽ പങ്കെടുത്ത തിരുവിതാംകൂർ ദേവസ്വം ബോർഡിലെയും തട്ടിപ്പ് സംഘത്തിലെയും 15 ഓളം പേരുടെ വിവരങ്ങൾ പോറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നോ നാളെയോ ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലേക്ക് തെളിവെടുപ്പിനായി കൊണ്ട്പോകും. സസ്പെൻഷനിലുള്ള ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെയും ഉടൻ ചോദ്യം ചെയ്യും.
ശബരിമല ശ്രീകോവിലിലെ പുതിയ വാതിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവ് നടത്തിയിട്ടുണ്ടെന്ന് ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രം ട്രസ്റ്റ് സ്ഥിരീകരിച്ചിരുന്നു. ഇടപാട് നടത്തിയത് പോറ്റി നേരിട്ടാണെന്നും ക്ഷേത്രത്തിന് ബന്ധമില്ലെന്നും ട്രസ്റ്റ് സെക്രട്ടറി എൻ എസ് വിശ്വംബരൻ. അറസ്റ്റിന് മുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരുവിൽ എത്തിയിരുന്നുവെന്നും വെളിപ്പെടുത്തൽ. സ്വർണപാളിയിലെ സ്വർണം കൈക്കലാക്കിയത് മാത്രമല്ല, ശബരിമല ശ്രീകോവിലിന്റെ വാതിൽ പ്രദർശിപ്പിച്ചും ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വൻ തട്ടിപ്പാണ്. ചൈന്നെക്ക് പുറമെ ബംഗളൂരുവിലും പണപ്പിരിവ് നടത്തി. സ്വർണം പൂശിയ ശേഷം വാതിൽ ബംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പണപ്പിരിവ് നടത്തിയെന്നാണ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ.


