
ശബരിമല സ്വർണ കവർച്ചയിൽ അന്വേഷണം ധ്രുതഗതിയിലാക്കി പ്രത്യേക അന്വേഷണ സംഘം. അനന്ത സുബ്രഹ്മണ്യത്തിൻ്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമാണ് അനന്ത സുബ്രഹ്മണ്യം. അറ്റകുറ്റപ്പണികൾക്ക് വേണ്ടി ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ കൈമാറിയതാണ്. ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ഇന്ന് വരുന്നതായിരിക്കും.
അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കേസ് കോടതി പരിഗണിക്കുന്നത്. അന്വേഷണ പുരോഗതി രണ്ടാഴ്ചയിൽ ഒരിക്കൽ കോടതിയെ അറിയിക്കണമെന്ന് എസ് ഐ ടിക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു.
കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചതും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റും ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘം ഇന്ന് ദേവസ്വം ബെഞ്ചിനെ അറിയിക്കും. ജസ്റ്റിസുമാരായ രാജാവിജയരാഘവൻ , കെ വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.