
ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ വാദം അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന് രാഹുൽ പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുക്കും. രാഹുലിന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പൊലീസിന്റെ തീരുമാനം.
ഡിജിറ്റൽ തെളിവുകളടക്കം അന്വേഷണസംഘം കോടതിയിൽ ഹാജരാക്കും. നേരത്തെ രാഹുലും മുദ്ര വെച്ച കവറിൽ തെളിവുകൾ കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഏഴുദിവസമായി രാഹുൽ ഒളിവിലാണ്. ഇതിനിടെയാണ് മറ്റൊരു യുവതി കൂടി രാഹുൽനെതിരെ പീഡന പരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചത്. ഈ പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയെ നേരിൽ കണ്ട് പരാതി നൽകാൻ പൊലീസ് ആവശ്യപ്പെടും. ഇതിനുശേഷമാകും കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
അതേസമയം, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യ അപേക്ഷയും തിരുവന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. നിലവിൽ സെൻട്രൽ ജയിലിലേക്ക് രാഹുൽ ഈശ്വറിനെ മാറ്റിയിരുന്നു. താൻ നിരാഹര സമരത്തിലാണെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകുകയായിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയിൽ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുൽ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ വെള്ളം മാത്രം കുടിച്ചാണ് രാഹുൽ ജയിലിൽ കഴിയുന്നത്.



