കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തില്‍ മറുപടിയുമായി ബിനോയ് വിശ്വം
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തില്‍ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രമേശ് മാന്തിയാല്‍ അതില്‍ കൊത്താന്‍ തന്നെ കിട്ടില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിലൊന്നും പ്രകോപനം ഉണ്ടാകില്ല. ഒരുമിച്ച് നേതാക്കള്‍ക്ക് വേദി പങ്കിടാന്‍ കഴിയാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
ബ്രൂവറി വിഷയത്തിലാണ് ബിനോയ് വിശ്വത്തെ പരിഹസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ‘ബിനോയ് വിശ്വം പറയുന്നതൊന്നും നിങ്ങള്‍ കണക്കിലെടുക്കേണ്ടതില്ല. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നയാളാണ് ബിനോയ് വിശ്വം. എലപ്പുള്ളിയില്‍ മദ്യ നിര്‍മ്മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട് സിപിഐയുടെ എംഎന്‍ സ്മാരകത്ത് വെച്ചുതന്നെ അദ്ദേഹത്തിന്റെ വാ മുഖ്യമന്ത്രി അടപ്പിച്ചു. അതിന് ശേഷം വാ തുറന്നിട്ടില്ല. അതുകൊണ്ട് ബിനോയ് വിശ്വത്തിന്റെ വാക്കിനൊന്നും ആരും വില കല്‍പ്പിക്കുന്നില്ല. പഴയ കാലത്തായിരുന്നു സിപിഐ. ഇപ്പോഴത്തെ പാര്‍ട്ടിക്ക് ആര്‍ജവമോ തന്റേടമോ ഇല്ല’, എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.
ആശവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തിയപ്പോഴായിരുന്നു പ്രതികരണം. ആശവര്‍ക്കര്‍മാരുടെ സമരത്തിന് ബിനോയ് വിശ്വം പിന്തുണ പ്രഖ്യാപിച്ചു. സമരക്കാരുടെ ആവശ്യം ന്യായമാണെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പള വര്‍ധനവിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.