NationalNews

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഡൽഹി സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിൽ എത്തിയാണ് പരുക്കേറ്റവരെ കണ്ടത്. ഭൂട്ടാനിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും.

അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖറെയുടെ നേതൃത്വത്തിൽ പത്തംഗ എൻഐഎ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി. സിഗ്നലിന് പിൻവശത്തെ സിസിടിവി ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്. സ്ഫോടനത്തിന് പിന്നാലെ ക്യാമറകൾ പ്രവർത്തനരഹിതമായി. സ്ഫോടനത്തിൽ മൂന്നിടങ്ങൾ കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജൻസിയുടെയും വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെയും അന്വേഷണം പുരോഗമിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാല, ജമ്മു കശ്മീരിലെ പുൽവാമ, ഉത്തർ പ്രദേശിലെ സഹാരൻപൂർ എന്നിവിടങ്ങളിൽ പരിശോധനകൾ തുടരുകയാണ്.

തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. 12 പേർക്കാണ് ജീവൻ നഷ്ടമായത്. 25 പേർക്കാണ് പരിക്കേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button