അവളെന്റെ ചെകിട്ടത്തടിച്ചത് കണ്ടാ’എന്ന് ഉണ്ണി മുകുന്ദൻ; ദേഷ്യം വന്നെന്ന് ആരാധിക
മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന് നായകനായി എത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ഒരു മെഡിക്കൽ ഫാമിലി ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിൽ അർജുൻ എന്ന ഗൈനക്കോളജിസ്റ്റായാണ് ഉണ്ണി മുകുന്ദൻ എത്തിയത്. ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുന്നതിനിടെ തിയറ്ററിലെത്തിയ ഒരു ആരാധികയും ഉണ്ണി മുകുന്ദനും തമ്മിലുള്ള രസകരമായൊരു സന്ദർഭമാണ് ശ്രദ്ധനേടുന്നത്.
ഗെറ്റ് സെറ്റ് ബേബി കണ്ടിറങ്ങിയ ഒരമ്മയാണ് ഉണ്ണി മുകുന്ദനൊപ്പം ഉള്ളത്. സിനിമയെ പ്രശംസിച്ച് അവർ സംസാരിക്കുന്നതിനിടെ നിഖില തന്റെ ചെകിടത്ത് അടിച്ചത് കണ്ടോ എന്ന് ഉണ്ണി മുകുന്ദൻ ചോദിക്കുന്നുണ്ട്. ‘ആ കണ്ടു. എനിക്ക് ദേഷ്യം വന്നു. ഉണ്ടോ ഇവിടെ’ എന്ന് ആണ് ആ വയോധിക ചോദിച്ചത്. പിന്നാലെ ഉണ്ണി മുകുന്ദൻ, നിഖിലയെ വിളിച്ച് വരുത്തുന്നുമുണ്ട്. ‘അയ്യോ നമ്മുടെ പയ്യനെ അടിച്ചല്ലേ’, എന്നായി ആരാധിക. ‘ചെറുതായിട്ടെന്നെ’ന്നാണ് നിഖില മറുപടി നൽകിയത്. പിന്നാലെ നിഖിലയുടെ അഭിനയത്തെ അവർ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദനെ എനിക്ക് നല്ല ഇഷ്ടവാ. സിനിമയും ഇഷ്ടമായി’, എന്നും ആരാധിക പറഞ്ഞു. ഈ രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. വീഡിയോയ്ക്ക് താഴെ ഗെറ്റ് സെറ്റ് ബേബിയെ പ്രശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് വരുന്നത്.
ഫെബ്രുവരി 21ന് റിലീസ് ചെയ്ത ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമലാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. കോഹിനൂർ, കിളി പോയി എന്നീ സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഗെറ്റ് സെറ്റ് ബേബി. ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, അഭിരാം രാധാകൃഷ്ണൻ, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, ദിലീപ് മേനോൻ, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.