പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും; കൂടുതല്‍ രാജ്യങ്ങള്‍ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ക്രൂരത തുടരുന്നതിനിടെ പലസ്തീനെ രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്‌ട്രേലിയയും. മൂന്നു രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു കൊണ്ടുള്ള സംയുക്ത പ്രസ്താവന പുറത്തിറക്കി. അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിന് മുന്നോടിയായാണ് ഗാസക്ക് ഐക്യദാര്‍ഢ്യവുമായി രാജ്യങ്ങള്‍ മുന്നോട്ടുവന്നത്. ഇന്ന് കൂടുതല്‍ രാജ്യങ്ങള്‍ പലസ്തീന് രാഷ്ട്രപദവി അംഗീകരിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ബെല്‍ജിയം, , ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, അന്‍ഡോറ, മാള്‍ട്ട, ലക്‌സംബര്‍ഗ്, സാന്‍മറീനോ തുടങ്ങി 10 പ്രമുഖ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിക്കുക. പട്ടിണിയും നാശനഷ്ടങ്ങളും അസഹനീയമാണെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സമാധാനം പ്രതീക്ഷിക്കുന്നതായി യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്നലെ വ്യക്തമാക്കി. അമേരിക്കയും ഇസ്രയേലും ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് പലസ്തീനെ യുകെ രാഷ്ട്രമായി അംഗീകരിച്ചത്. അമേരിക്കയുടെ എതിര്‍പ്പ് വകവയ്ക്കാതെ, കാനഡയും പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു.
അതേസമയം ഗാസയില്‍ ഇസ്രയേല്‍ നടപ്പിലാക്കുന്ന വംശീയ ഉന്മൂലനം നിര്‍ബാധം തുടരുകയാണ്. 2.3 ദശലക്ഷം ജനസംഖ്യയുണ്ടായിരുന്ന ഗാസയില്‍ 65000ത്തിന് മുകളില്‍ മനുഷ്യരെയാണ് ഇസ്രയേല്‍ വംശവെറി മൂത്ത് കൊന്നൊടുക്കിയത്. ഇസ്രയേലിന്റെ വ്യോമാക്രമണവും കരയാക്രമണവും ശക്തമാക്കിയുള്ള യുദ്ധത്തില്‍ എങ്ങോട്ടെന്നില്ലാതെ നിസ്സഹായകരായി നില്‍ക്കുകയാണ് പലസ്തീന്‍ ജനത.