അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷം; ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച

അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്ഗാൻ -പാക് പ്രതിനിധികൾ ചർച്ച നടത്തുക. താലിബാൻ പ്രതിനിധി സംഘം ദോഹയിലേക്ക് യാത്ര തിരിച്ചു. പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ്, ഇന്റലിജൻസ് മേധാവി അബ്ദുൾ ഹഖ് വാസിഖ് എന്നിവരാണ് സംഘത്തിലുള്ളത്. പാകിസ്താൻ പ്രതിനിധി സംഘം ദോഹയിൽ എത്തി.
ദോഹയിൽ ചർച്ചകൾ അവസാനിക്കുന്നതുവരെ 48 മണിക്കൂർ വെടിനിർത്തൽ നീട്ടാൻ പാകിസ്താനും അഫ്ഗാനിസ്ഥാനും വെള്ളിയാഴ്ച സമ്മതിച്ചതായി ഇരു രാജ്യത്തെയും അധികൃതർ അറിയിച്ചു. അഫ്ഗാൻ അതിർത്തിക്കടുത്ത് നടന്ന ചാവേർ ആക്രമണത്തിൽ ഏഴ് പാകിസ്താൻ സൈനികർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് വെടിനിർത്തൽ നീട്ടൽ സംബന്ധിച്ച വാർത്ത പുറത്തുവന്നത്.
അതേസമയം അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയിരുന്നു. എട്ട് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പക്തിക പ്രവിശ്യയിലെ അർഗുൺ, ബർമൽ ജില്ലകളിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് ജില്ലകളിലുമായി നാല് തവണ വ്യോമാക്രമണം ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ചയ്ക്കിടെ പാകിസ്താൻ അഫ്ഗാനിസ്ഥാനിലേക്ക് നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.