
ഇന്ത്യന്‍ സൈന്യത്തെയും ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ശത്രുക്കളെ ഞെട്ടിച്ചെന്നും രാജ്യം പ്രതിരോധ സംവിധാനങ്ങളുടെ ശക്തി തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രയോഗിച്ച ബ്രഹ്‌മോസ് മിസൈലുകള്‍ ശത്രുക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയതെന്നും നരേന്ദ്രമോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയിലെ പെണ്‍മക്കളുടെ രോഷം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലോകം കണ്ടു. പാകിസ്താനിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ അവരുടെ നാട്ടില്‍ കയറി നമ്മള്‍ നശിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്താനെ ഞെട്ടിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ അപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് അവരെത്തി. ഓരോ ഭീകരാക്രമണത്തിനും ഇന്ത്യ ശക്തമായ മറുപടി നല്‍കും. ആണവഭീഷണികള്‍ക്ക് ഇന്ത്യ ഭയപ്പെടില്ല. ഭീകരവാദികളെയും അവരെ പിന്തുണയ്ക്കുന്നവരെയും സര്‍ക്കാര്‍ ഒരുപോലെയായിരിക്കും പരിഗണിക്കുക. പാകിസ്താന്റെ പഴയ കളി ഇനി നടക്കില്ല’- നരേന്ദ്രമോദി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ ശക്തി ലോകം കണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു. ബ്രഹ്‌മോസ് മിസൈല്‍ കൃത്യമായ ലക്ഷ്യം കണ്ടുവെന്നും ശത്രുരാജ്യത്ത് നാശം വിതച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളര്‍ന്നുവരുന്ന ഡിഫന്‍സ് മാനുഫാക്ച്ചറിംഗ് മേഖലയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒരുകാലത്ത് പരമ്പരാഗത വ്യവസായങ്ങള്‍ പോലും ഇവിടെനിന്നും വിട്ടുപോയിരുന്നു. ഇന്ന് പ്രതിരോധ മേഖലയിലെ വലിയ കമ്പനികള്‍ പോലും രാജ്യത്ത് എത്തുകയാണ്. അമേഠിക്ക് സമീപം എകെ-203 റൈഫിളിന്റെ ഉദ്പാദനം ആരംഭിച്ചുകഴിഞ്ഞു’- നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.