News

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; മരിച്ച യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു

യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും. യെമനിലെ ജയിലില്‍ വെച്ചാകും വധശിക്ഷ നടപ്പാക്കുക. ഇത് സംബന്ധിച്ച നോട്ടീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.

ദയാധനം നല്‍കുന്നയ് സംബന്ധിച്ച് മരിച്ച യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. ഇപ്പോള്‍ യെമനിലേക്ക് പുറപ്പെടുകയാണെന്നും തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവ് സംബനധിച്ച് തങ്ങള്‍ക്ക് യാതൊരു വിശദാംശങ്ങളും അറിവായിട്ടില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. എന്നാല്‍ വധശിക്ഷ സംബന്ധിച്ച ഉത്തരവ് ഇന്ത്യന്‍ എംബസ്സി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടതായി വിവരമുണ്ട്. ദയാധനമായി കുടുംബം ഒരു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇത് എട്ട് കോടി ഇന്ത്യന്‍ രൂപയിലേറെ വരും. എന്നാല്‍ ഇപ്പോള്‍ വന്ന ഉത്തരവിനെ അന്തിമ വിധിയായി കാണേണ്ടതില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് അയച്ച കത്താണിതെന്നും സാധ്യതകള്‍ അവശേഷിക്കുന്നുവെന്നും സാമുവേല്‍ ജെറോം വ്യക്തമാക്കി.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമന്‍ പൗരന്‍ തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നത്. 2018ലായിരുന്നു നിമിഷപ്രിയയ്ക്കെതിരെ യമന്‍ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും 2020ല്‍ യമനിലെ അപ്പീല്‍ കോടതി ശിക്ഷ ശരിവെച്ചു. പിന്നീട്, യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറില്‍ അപ്പീല്‍ തള്ളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button