NationalNews

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മോദിക്കും നദ്ദയ്ക്കും ചുമതല

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥിയെ നിര്‍ണയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ധ എന്നിവരെ ചുമതലപ്പെടുത്തി എന്‍ഡിഎ. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. മുന്നണി ഏകകണ്ഠമായാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ഇരു നേതാക്കളെയും ചുമതലപ്പെടുത്തിയതെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന ബിജെപി, എന്‍ഡിഎ സഖ്യകക്ഷി നേതാക്കള്‍ എന്നിവയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിങ് അധ്യക്ഷനായ യോഗത്തില്‍ അമിത് ഷാ, ജെപി നദ്ദ, ജെഡിയു നേതാവ് ലാലന്‍സിങ്, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ, ടിഡിപി നേതാവ് ലവ ശ്രീകൃഷ്ണ ദേവരായലു, ചിരാഗ് പാസ്വാന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ ഒമ്പതിനാണ് തെരഞ്ഞെടുപ്പ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം ഏഴിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 21 ആയിരിക്കും. തെരഞ്ഞെടുപ്പ് ഫലം പോളിങ് ദിനമായ സെപ്റ്റംബര്‍ 9 ന് തന്നെ പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 74 കാരനായ ധന്‍കര്‍ ഉപരാഷ്ട്രപതി പദവി രാജിവെച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button