NationalNews

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം; 84 ഇന്ത്യൻ വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങി

പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം. വ്യോമാതിർത്തി അടച്ചതോടെ പുണെയിലെ 84 എം.ബി.എ. വിദ്യാർത്ഥികൾ ദുബായിൽ കുടുങ്ങി. അതേസമയം, ഇറാനെതിരായ യു.എസ്.–ഇസ്രയേൽ ആക്രമണത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് വിമർശിച്ച് ശിവസേന താക്കറെ പക്ഷം എം പി സഞ്ജയ് റൗത് രംഗത്തെത്തി.

പുണെയിലെ ഇന്ദിര സ്കൂൾ ഓഫ് ബിസിനസ് സ്റ്റഡീസിലെ 84 വിദ്യാർത്ഥികളാണ് പഠനയാത്രയ്ക്കിടെ ദുബായിൽ കുടുങ്ങിയത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വ്യോമാതിർത്തി അടച്ചതോടെ ശനിയാഴ്ചയും ഞായറാഴ്ചയും മടങ്ങേണ്ടിയിരുന്ന വിദ്യാർത്ഥികൾക്ക് യാത്രചെയ്യാനായില്ല.

വിദ്യാർത്ഥികളെ സുരക്ഷിത ഹോട്ടലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തോടും സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും നിരന്തരം ബന്ധപ്പെടുന്നുവെന്നും, എല്ലാവരും സുരക്ഷിതരാണെന്നും ഡീൻ ജനാർദൻ പവാർ വ്യക്തമാക്കി.

ഇറാനെതിരായ യു.എസ്.–ഇസ്രയേൽ ആക്രമണത്തിൽ ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് കടുത്ത ഭാഷയിൽ വിമർശിച്ച് സഞ്ജയ് റൗത് രംഗത്തെത്തി. ഇറാൻ ദുർബലമാകുന്നത് ഇന്ത്യയ്ക്കും അപകടകരമാണെന്നും, ഇന്ത്യ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടിയിരുന്നുവെന്നും റാവുത്ത് ആരോപിച്ചു.

അതേസമയം, ഇന്ത്യാ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി യു.എസ്.–ഇസ്രയേൽ വ്യോമാക്രമണത്തെ തുറന്നുപിന്തുണച്ചു. ഇറാൻ ആണവായുധം നേടുന്നത് തടയാൻ ആവശ്യമായ നടപടിയാണിതെന്നും, സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷം കടുപ്പിക്കുമ്പോൾ, അതിന്റെ രാഷ്ട്രീയ പ്രതിഫലനങ്ങൾ ഇന്ത്യയിലും ശക്തമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button