KeralaNational

ഡൽഹി സ്ഫോടനം: ഉമറിന് തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധം; അൽഖ്വയ്ദയുമായി ചർച്ച നടത്തിയതായി കണ്ടെത്തി എൻഐഎ

ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ഡോ. ഉമർ നബി തീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി എൻ ഐ എ. അൽഖ്വയ്ദയുമായി ഇയാൾ ചർച്ച നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബർ 18 ന് ഖ്വാസിഗുണ്ടിൽ വെച്ചായിരുന്നു കൂടിക്കാ‍ഴ്ച. മറ്റൊരു ഭീകരസംഘടനയായ ഐഎസുമായി ചർച്ച നടത്തിയെന്നും വിവരമുണ്ട്. അതേസമയം, ഭീകര സംഘത്തിനിടയിൽ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ആക്രമണ രീതി, സാമ്പത്തികം എന്നിവയിലായിരുന്നു അഭിപ്രായ ഭിന്നത. ഭിന്നതയെ തുടർന്ന് ഉമർ നബി ഒക്ടോബറിൽ നടന്ന ആദിൽ റാത്തറിന്‍റെ വിവാഹ ചടങ്ങിൽ നിന്നും വിട്ടുനിന്നു. ജമ്മു കശ്മീരിൽ സംഘാംഗവും മതപുരോഹിതനുമായ മുഫ്തി ഇര്‍ഫാന്‍ വാഗെ അറസ്റ്റിൽ ആയതോടെ ഉമർ വീണ്ടും കശ്മീരിൽ എത്തി. തുടർന്ന് സംഘത്തിലെ അംഗങ്ങളുമായി ഉണ്ടായ അഭിപ്രായ ഭിന്നത പരിഹരിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. പുൽവാമ സ്വദേശി തുഫൈൽ നിയാസിനെയാണ് ജമ്മുകശ്മീർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യനായ നിയാസിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ എൻഐഎക്ക് കൈമാറുമെന്നും ജമ്മുകശ്മീർ പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട യുപി എടിഎസ് അറസ്റ്റ് ചെയ്ത ഡോക്ടർ ആരിഫിനെ അന്വേഷണസംഘം വിട്ടയച്ചു. അതേസമയം ഭീകര സംഘത്തിന് വിദേശത്തു നിന്ന് ലഭിച്ച സഹായങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button