
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപിയും ഇന്ന് തുടക്കമിടും.
മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും ‘സേവ പഖ്വാഡ’ (സേവന വാരം) ആചരിക്കും. രക്തദാന-ആരോഗ്യ ക്യാമ്പുകള്‍, ശുചിത്വ ദൗത്യങ്ങള്‍, പരിസ്ഥിതി ബോധവത്കരണം, പ്രദര്‍ശനങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, വികലാംഗര്‍ക്കുള്ള ഉപകരണ വിതരണം, ‘മോദി വികാസ് മാരത്തണ്‍’ കായികമേളകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
‘സ്വദേശി’, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയുള്ള പരിപാടിയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്. ജന്മദിനമായ ഇന്ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പിറന്നാള്‍ ദിനം പ്രധാനമന്ത്രി മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ രാജ്യത്തെ ആദ്യ പി എം മിത്ര ടെക്സ്റ്റൈല്‍ പാര്ക്കിന് തറക്കല്ലിടും.