Sports

പന്തെറിയുന്നതിനിടെ ജഡേജയുടെ കൈയ്യിലെ ടേപ്പ് അഴിക്കാന്‍ ആവശ്യപ്പെട്ട് അംപയര്‍, ഓടിയെത്തി രോഹിത്തും കോലിയും

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയോട് കൈയ്യിലെ ടേപ്പ് അഴിച്ചുവെക്കാന്‍ ആവശ്യപ്പെട്ട് അംപയര്‍. ഓണ്‍ ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്താണ് ജഡേജ പന്തെറിയുന്നതിനിടെ താരത്തിന്റെ കൈയില്‍ നിന്ന് ടേപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ഓസീസ് ബാറ്റിങ്ങിന്‍റെ 19-ാം ഓവര്‍ എറിയാന്‍ ജഡേജ എത്തിയപ്പോഴായിരുന്നു സംഭവം. ഒരു ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നതുകാരണമാണ് ജഡേജ തന്റെ ഇടതുകൈത്തണ്ടയില്‍ ടേപ്പ് ചുറ്റിയെത്തിയത്. പക്ഷേ ഫീല്‍ഡ് അംപയര്‍ ഇല്ലിങ്‌വര്‍ത്ത് അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി ടേപ്പ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു.

അംപയറുടെ ഇടപെടലിന് മുമ്പ് ജഡേജ രണ്ട് ഓവര്‍ എറിഞ്ഞിരുന്നു. എന്നാല്‍ ടേപ്പ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ അംപയറോട് ജഡേജ കാരണം അന്വേഷിക്കുകയും ചെയ്തു. ഇടപെടലില്‍ വിശദീകരണം തേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍യും വിരാട് കോഹ്ലിയും സംഭാഷണത്തില്‍ പങ്കുചേരുകയും ചെയ്തു. പിന്നാലെ ടേപ്പ് നീക്കം ചെയ്താണ് ജഡേജ പന്തെറിഞ്ഞത്.

പിന്നാലെ സ്റ്റീവ് സ്മിത്തിന്റെ സിംഗിള്‍ തടയാന്‍ ഡൈവ് ചെയ്യുന്നതിനിടെ ജഡേജയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതിനുശേഷം ജഡേജയ്ക്ക് കൈയില്‍ ടേപ്പ് ധരിക്കാന്‍ അംപയര്‍ അനുവാദം നല്‍കുകയും ചെയ്തു.

ജഡേജയുടെ സംഭവത്തിന് ശേഷം അംപയറുടെ ഇടപെടലിനെ കുറിച്ച് അന്വേഷിച്ച് ആരാധകരും രംഗത്തെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിയമങ്ങള്‍ അനുസരിച്ച് വിക്കറ്റ് കീപ്പര്‍ ഒഴികെയുള്ള ഒരു ഫീല്‍ഡര്‍ക്കും കയ്യുറകളോ ബാഹ്യ ലെഗ് ഗാര്‍ഡുകളോ ധരിക്കാന്‍ അനുവാദമില്ല. കൂടാതെ അംപയര്‍മാരുടെ സമ്മതത്തോടെ മാത്രമാണ് കൈകള്‍ക്കോ വിരലുകള്‍ക്കോ സംരക്ഷണം ധരിക്കാന്‍ കഴിയൂ.

ബൗളര്‍മാര്‍ ബൗള്‍ ചെയ്യുന്ന കൈയില്‍ ടേപ്പുകള്‍ ധരിച്ചിരിക്കുമ്പോള്‍ അമ്പയര്‍മാര്‍ക്ക് കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ അനുവാദമുണ്ട്. അതേ മത്സരത്തില്‍ ബൗളറുടെ ബൗളിങ് കൈയ്ക്ക് പരിക്കേറ്റാല്‍ നിയമങ്ങളില്‍ അല്‍പ്പം ഇളവ് ലഭിക്കും. ഇതുകൊണ്ടാണ് തൊട്ടടുത്ത ഓവറില്‍ കൈയ്ക്ക് പരിക്കേറ്റ ജഡേജയ്ക്ക് ടേപ്പ് ധരിക്കാന്‍ അംപയര്‍ അനുവാദം നല്‍കിയത്.

രഞ്ജിയില്‍ കേരളത്തിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി അസറുദ്ദീന്‍, പിന്നാലെ സല്‍മാന്‍ നിസാര്‍!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button